ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് മെട്രോ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്ന് ചാടി സെന്റ് കൊളംബസ് സ്കൂളിലെ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെ സ്കൂളിലെ അധ്യാപകർക്കെതിരെ നടപടി. സ്കൂളിലെ പ്രധാനാധ്യാപകനെയും മൂന്ന് അധ്യാപകരെയും സസ്പെൻഡ് ചെയ്തു.
ചൊവ്വാഴ്ചയാണ് 16കാരനായ ഷൗര്യ പാട്ടീൽ ജീവനൊടുക്കിയത്. ആത്മഹത്യാക്കുറിപ്പിൽ അധ്യാപകരുടെ പേര് കുട്ടി എഴുതിയിരുന്നു.
കുട്ടിയുടെ പിതാവ് പ്രദീപ് പാട്ടീൽ നൽകിയ പരാതിയിൽ, സ്കൂളിലെ അഞ്ച് മുതൽ 10 വരെയുള്ള ക്ലാസുകളുടെ പ്രധാനാധ്യാപകനായ അപരാജിത പാൽ, അധ്യാപകരായ ജൂലി വർഗീസ്, മനു കൽറ, യുക്തി അഗർവാൾ മഹാജൻ എന്നിവർ മകനെ മാനസികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ചു.
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സസ്പെൻഷൻ പ്രാബല്യത്തിൽ തുടരുമെന്ന് സ്കൂളിന്റെ പ്രിൻസിപ്പൽ റോബർട്ട് ഫെർണാണ്ടസ് അറിയിച്ചു. ഏത് അന്വേഷണത്തിനും പ്രധാനാധ്യാപകനും അധ്യാപകരും ലഭ്യമായിരിക്കണമെന്നും അനുമതിയില്ലാതെ സ്കൂൾ സന്ദർശിക്കാനോ വിദ്യാർഥികളുമായോ ജീവനക്കാരുമായോ രക്ഷിതാക്കളുമായോ സംസാരിക്കാനോ കഴിയില്ലെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രാജേന്ദ്ര പ്ലേസ് മെട്രോ സ്റ്റേഷനിൽ നിന്ന് ചാടിയാണ് ഷൗര്യ ജീവനൊടുക്കിയത്. പ്രധാനാധ്യാപകനും മൂന്ന് അധ്യാപകരും ചെറിയ കാര്യങ്ങൾക്ക് പോലും തന്നെ ശകാരിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് കുട്ടി ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നു.
സ്കൂളിൽ നിന്ന് പുറത്താക്കുമെന്നും ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നൽകുമെന്നും പറഞ്ഞ് ജൂലി വർഗീസ് നാലു ദിവസം മകനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പിതാവ് പരാതിയിൽ കുറ്റപ്പെടുത്തി. മനു കൽറ ഒരിക്കൽ മകനെ തള്ളിയിട്ടിട്ടുണ്ടെന്നും പ്രദീപ് പാട്ടീൽ പരാതിയിൽ പറഞ്ഞു.
ചൊവ്വാഴ്ച നടന്ന നാടക ക്ലാസിനിടെ കുട്ടി വീണപ്പോള്‍, അധ്യാപിക പരിഹസിക്കുകയും അഭിനയിക്കുകയാണെന്ന് പറഞ്ഞ് കളിയാക്കുകയും ചെയ്തു. തുടര്‍ന്ന് കുട്ടി കരയാന്‍ തുടങ്ങിയെങ്കിലും, എത്ര വേണമെങ്കിലും കരഞ്ഞോളൂ, അത് തന്നെ ബാധിക്കില്ലെന്ന് അധ്യാപിക പറഞ്ഞതായും പിതാവ് പറയുന്നു.
ഇതെല്ലാം നടക്കുമ്പോള്‍ പ്രിന്‍സിപ്പല്‍ സ്ഥലത്തുണ്ടായിരുന്നെങ്കിലും തടഞ്ഞില്ല. അധ്യാപകരുടെ മാനസിക പീഡനത്തെക്കുറിച്ച് മകന് മുന്‍പ് പരാതിപ്പെട്ടിരുന്നതായും ഇതുസംബന്ധിച്ച് സ്കൂളില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും പിതാവ് പറഞ്ഞു.
കുട്ടിയുടെ ബാഗില്‍ കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍, സ്കൂളില്‍ നടന്ന കാര്യങ്ങള്‍ കാരണം തനിക്ക് മറ്റ് വഴികളില്ലായിരുന്നുവെന്ന് പറയുന്നു. "സോറി അമ്മേ, അമ്മയുടെ മനസ് പലതവണ വേദനിപ്പിച്ചു, ഇത് അവസാനമായി ചെയ്യുന്നു. സ്കൂളിലെ അധ്യാപകര്‍ അങ്ങനെയൊക്കെയാണ്, ഞാനെന്ത് പറയാനാണ്?' എന്ന് കുറിപ്പില്‍ പറയുന്നു. കൂടാതെ, തന്റെ അവയവങ്ങള്‍ പ്രവര്‍ത്തനക്ഷമമെങ്കില്‍ അവ ആവശ്യമുള്ളവര്‍ക്ക് ദാനം ചെയ്യണമെന്നും കുട്ടി ആവശ്യപ്പെട്ടു.
തനിക്ക് സംഭവിച്ചത് മറ്റാര്‍ക്കും ഉണ്ടാകാതിരിക്കാന്‍ അധ്യാപകർക്കെതിരെ നടപടിയെടുക്കണമെന്നും കുട്ടി കത്തില്‍ അഭ്യർഥിച്ചു. കൂടാതെ, തന്നോട് ദേഷ്യപ്പെട്ടതിനും, അച്ഛനെപ്പോലെ നല്ല മനുഷ്യനാകാന്‍ കഴിയാത്തതിനും ഇരുപതുകാരനായ സഹോദരനോടും അച്ഛനോടും കുട്ടി മാപ്പ് ചോദിക്കുന്നുണ്ട്.
എന്നും പിന്തുണ നല്‍കിയതിന് അമ്മയ്ക്ക് നന്ദി പറഞ്ഞ കുട്ടി, ഇനി സഹോദരനും അച്ഛനും ആ പിന്തുണ നല്‍കണമെന്ന് അഭ്യര്‍ഥിച്ചു. .
അതേസമയം, സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഡൽഹി സർക്കാർ ഉത്തരവിട്ടു. ജോയിന്റ് ഡയറക്ടർ ഹർഷിത് ജെയിൻ അധ്യക്ഷനായ പാനലിനോട് സമഗ്രവും വസ്തുനിഷ്ഠവുമായ അന്വേഷണം നടത്തി മൂന്ന് ദിവസത്തിനുള്ളിൽ സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.